കോഴിക്കോട്: ഇന്നലെ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ തകര്‍ത്ത സംഭവം പൊലീസ് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി. വിഷയം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. സര്‍വീസ് നടത്താന്‍ താത്പര്യമുള്ള സ്വകാര്യ ബസുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും ഗതാഗതമന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചാണ് ബസുകള്‍ ഓടുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് സംരക്ഷണം ഉറപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ന് രാവിലെയാണ് ഇന്നലെ നിരത്തിലിറങ്ങിയ കൊളക്കാടന്‍, ഇന്ന് ഓടാനിരുന്ന എം.എം ബനാറസ് ബസുകളുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മുക്കം-കോഴിക്കോട് റൂട്ടിലായിരുന്നു ബസ്സുകള്‍ സര്‍വീസ് നടത്തിയത്. സര്‍വീസ് കഴിഞ്ഞ് നിറുത്തിയിട്ട സ്ഥലത്ത് വച്ചാണ് ബസുകള്‍ ആക്രമിക്കപ്പെട്ടത്. ബസുകള്‍ ഓടിച്ചതിനെതിരെ ചിലരുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടായിരുന്നുവെന്നാണ് ഉടമ പറയുന്നത്.
സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടം സഹിച്ചും സര്‍വീസ് നടത്തുമെന്ന് ബസുകളുടെ ഉടമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അക്രമിക്കപ്പെട്ട ബസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം നാമമാത്രമായി ചില സ്വകാര്യ ബസുകള്‍ കോഴിക്കോട് നഗരത്തിലും ഗ്രാമീണ മേഖലകളിലും സര്‍വീസ് നടത്തിയിരുന്നു.
Content Highlight: The Transport Minister has said that the police will investigate the incident in which private buses were hit