വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ തള്ളി ഹൈക്കോടതി

covid 19, high court of kerala, lock down

വോട്ടെണ്ണൽ ദിനത്തില്‍ ലോക്ക്ഡൗൺ വേണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി തള്ളി. സർക്കാരിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികൾ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി യാണ് ഹൈക്കോടതിയുടെ നടപടി.

കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹർജികളിലെ ആവശ്യം. വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചതോടെ ഹർജികൾ ഹൈക്കോടതി തള്ളുകയായിരുന്നു.

ഫല പ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുമെന്നും, വോട്ടെണ്ണല്‍ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കം സർവ കക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് സർക്കാർ വിശദീകരിച്ചത്. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയിൽ വ്യക്തമാക്കി.

Content Highlights; covid 19, high court of kerala, lock down