രാജ്യത്ത് ജൂണ്‍ ഒന്ന് മുതല്‍ ട്രെയിന്‍ സര്‍വീസ്; ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച്ച മുതല്‍

ന്യൂഡല്‍ഹി: ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി തുടങ്ങും. ഇന്ന് രാവിലെ 10 മണി മുതല്‍ റിസര്‍വേഷന്‍ ബുക്കിംഗ് ആരംഭിക്കും. രണ്ട് ജനശതാബ്ദി എക്‌സ്പ്രസുകള്‍ ഉള്‍പ്പടെ അഞ്ച് ട്രെയിനുകള്‍ ആണ് ഓടി തുടങ്ങുക. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളും പുനരാരംഭിക്കും.

രാജ്യത്താകമാനം 200 പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ തീരുമാനം. റിസര്‍വേഷന്‍ മാത്രമുള്ള ട്രെയിനുകള്‍ക്കാണ് അനുമതി. ജനറല്‍ കോച്ചുകളില്‍ സിറ്റിംഗ് സീറ്റുകള്‍ക്കു വേണ്ടി റിസര്‍വേഷന്‍ ചെയ്യാം. ടിക്കറ്റ് നിരക്ക് സെക്കന്‍ഡ് ക്ലാസിന് തുല്യമായിരിക്കും. ഓണ്‍ലൈന്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ലഭിക്കുകയുള്ളൂ. 30 ദിവസം മുമ്പ് വരെ ടിക്കറ്റ് മുന്‍കൂര്‍ റിസര്‍വ് ചെയ്യാം. റെയില്‍വേ സ്റ്റേഷനുകളിലെ ഭക്ഷണശാലകള്‍ തുറക്കാനും അനുമതിയായിട്ടുണ്ട്. ഭക്ഷണം പാര്‍സല്‍ ആയി മാത്രം നല്‍കും. എന്നാല്‍ ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാന്‍ പാടില്ല. റെയില്‍വേ സ്റ്റേഷനിലെ ബുക്ക് സ്റ്റാളുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, മറ്റ് സ്റ്റാളുകള്‍ എന്നിവയും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കൂടാതെ, രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളും തിങ്കളാഴ്ച മുതല്‍ തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിമാന കമ്ബനികളോട് കേന്ദ്ര വ്യോമയാന വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പ്രമുഖ വിമാനകമ്പനി പ്രതിനിധികളുടെ യോഗം സിവില്‍ ഏവിയേഷന്‍ വകുപ്പ് വിളിച്ചുചേര്‍ത്തിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലെ നിരോധിത പട്ടികയില്‍നിന്ന് ആഭ്യന്തര വിമാന യാത്രക്കാരെ ഒഴിവാക്കിയിരുന്നു.

Content Highlight: Train Services restarts from June 1st after Covid 19 lock down