മുംബൈയില്‍ നിന്നും വരുന്ന ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചത് അറിയാതെ ജില്ലാ ഭരണകൂടം; യുദ്ധകാലടിസ്ഥാനത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

authorities unaware of a train stop in Kannur

മുംബൈയില്‍ നിന്ന് 1600 മലയാളികളേയും കൊണ്ട് കേരളത്തിലേക്ക് പുറപ്പെട്ട ട്രെയിനിന് കണ്ണൂരില്‍ സ്റ്റോപ്പുണ്ടെന്ന് അറിയാതെ ഉദ്യോഗസ്ഥര്‍. ഇന്നലെ രാത്രി പുറപ്പെട്ട് ഇന്ന് 2 മണിയോടെ കണ്ണൂരെത്തുന്ന തീവണ്ടിയെ കുറിച്ച് രാവിലെ മാധ്യമങ്ങളിലൂടെ മാത്രമാണ് ജില്ലാ ഭരണകൂടം അറിഞ്ഞത്. മഹാരാഷ്ട്ര കോണ്‍ഗ്രസ് കമ്മിറ്റിയാണ് ട്രെയിന്‍ ഏര്‍പ്പാട് ചെയ്തത്. തീവണ്ടിക്ക് തിരുവനന്തപുരത്തായിരുന്നു സ്റ്റോപ്പ് അനുവദിച്ചത്. എന്നാല്‍ കണ്ണൂരും കൊച്ചിയിലും ഷൊര്‍ണൂരും സ്റ്റോപ്പ് വേണമെന്ന് എ.ഐ.സി.സി കേരളത്തോടും റെയില്‍വേയോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം വൈകിയതാണ് ഇത്തരമൊരു ആശയക്കുഴപ്പത്തിലേക്ക് നയിച്ചത്.

വെള്ളിയാഴ്ച രാത്രി പത്ത് മണിക്കാണ് മുംബൈ ലോകമാന്യതിലകിൽ നിന്ന് 1600 ഓളം മലയാളി യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. കണ്ണൂരില്‍ ആളുകള്‍ ഇറങ്ങുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് ഔദ്യോഗികമായ വിവരം ലഭിക്കുന്നത് ഏറെ വൈകിയാണ്. അതുവരെ ഒരു മുന്നൊരുക്കവും നടത്താന്‍ സാധിച്ചിരുന്നില്ല. തുടർന്ന് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് യുദ്ധകാലടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയായിരുന്നു. 300 പേരാണ് കണ്ണൂരില്‍ ഇറങ്ങുന്നത്. ഇവരെ ക്വാറൻ്റീൻ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പാടാക്കിയതായി ജില്ലാ ഭരണകൂടവും അറിയിച്ചു. ഇവരെ കൊണ്ടുപോകാനായി 15 ഓളം കെ.എസ്.ആർ.ടി.സി. ബസുകളും തയ്യാറാക്കി.

content highlights: authorities unaware of a train stop in Kannur