ആഭ്യന്തര വിമാന സര്‍വീസുകള്‍ തിങ്കളാഴ്ച ആരംഭിക്കാൻ വ്യേമയാന മന്ത്രാലയം തീരുമാനിച്ച സാഹചര്യത്തിൽ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി കേരളം. സംസ്ഥാനത്തേക്ക് എത്തുന്ന യാത്രക്കാരെല്ലാം കൊവിഡ് ജാഗ്രത വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒന്നിലധികം യാത്രക്കാർ ഒരു ടിക്കറ്റിൽ യാത്ര ചെയ്യുകയാണെങ്കിൽ അവരുടെ വിവരവും റജിസ്ട്രേഷൻ സമയത്ത് നൽകണം. രജിസ്റ്റര്‍ ചെയ്യുന്നതിൻ്റെ അടിസ്ഥാനത്തില്‍ യാത്രക്കാര്‍ക്ക് പാസ് അനുവദിക്കും. സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്നവര്‍ക്ക് സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീടുകളിലേക്ക് പോകാമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാരും 14 ദിവസം ക്വാറൻ്റീനിൽ പോകണം. രോഗലക്ഷണങ്ങളില്ലാത്തവർ ഹോം ക്വാറൻ്റീനിൽ പോകണം. രോഗലക്ഷണമുള്ളവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റിനിലോ, ആശുപത്രിയിലോ അയയ്ക്കും. ഹോം ക്വാറൻ്റീൻ സൗകര്യം ഇല്ലെങ്കിൽ അത് ലഭിക്കുന്നതുവരെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻ്റീനിൽ പോകേണ്ടിവരും. ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്രചെയ്യുന്ന 14 വയസിന് മുകളില്‍ പ്രായമുള്ള യാത്രക്കാര്‍ക്കെല്ലാം ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാസ്കും ഗ്ലൗസും യാത്രക്കാര്‍ക്കെല്ലാം നിര്‍ബന്ധമാണ്. ഹോട്ട്സ്പോട്ടുകളില്‍ നിന്നുള്ളവര്‍ക്ക് യാത്രാനുമതി നല്‍കില്ല .യാത്രക്കാർക്ക് സ്വന്തം ജില്ലയിലേക്ക് പോകാൻ കെഎസ്ആർടിസി ബസുകൾ ജില്ലാഭരണകൂടം സജ്ജമാക്കണം. എല്ലാ ലഗേജുകളും അണുവിമുക്തമാക്കണം.
content highlights: Kerala issues guidelines for domestic flight passengers