കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ കൊവിഡ് ഉറവിടം കണ്ടെത്താനായില്ല; പ്രത്യേക സംഘത്തെ നിയോഗിച്ച് ആരോഗ്യവകുപ്പ്

Special team to investigate infection source of Kannur covid patients

കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. ധര്‍മ്മടം, അയ്യന്‍കുന്ന് സ്വദേശികളുടെ രോഗത്തിൻ്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ ആശുപത്രിയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യവും ഗൗരവമുള്ളതാണ്. എന്നാൽ ജില്ലയില്‍ സമൂഹ വ്യാപനമില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. 

അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിക്ക് വെള്ളിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്നാണ് മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താനായിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിനിയായ 62 കാരിക്ക് വ്യാഴാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കിടപ്പുരോഗിയായ ഇവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട 68 പേരെ ഇതുവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗത്തിൻ്റെ ഉറവിടം കണ്ടെത്താനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ചു. കണ്ണൂരിൽ കഴിഞ്ഞ ദിവസങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം. 

content highlights: Special team to investigate infection source of Kannur covid patients