ഉത്തർപ്രദേശിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ശ്രമിക് ട്രെയിൻ വഴിതെറ്റി ഒഡീഷയിലെത്തി. മഹാരാഷ്ട്രയിൽ നിന്നും ഗോരഖ്പൂരിലേക്ക് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിനാണ് ഇന്ന് രാവിലെ ഒഡീഷയില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള റൂര്‍ക്കേലയില്‍ എത്തിയത്. ഡ്രൈവര്‍ക്ക് വഴിതെറ്റിയതാകാമെന്നാണ് നിഗമനം. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണം നല്കാന് റെയില്‍വേ തയ്യാറായിട്ടില്ല.
മഹാരാഷ്ട്രയിലെ വാസയ് സ്റ്റേഷനിൽ നിന്ന് വ്യാഴാഴ്ച പുറപ്പെട്ട ട്രെയിൻ അർധരാത്രി മുഴുവൻ തികച്ചും വ്യത്യസ്തമായ മറ്റൊരു വഴി സഞ്ചരിച്ചാണ് റൂർക്കേലയിൽ എത്തിയത്. ആശങ്കയിലായ തൊഴിലാളികൾ ഇതു സംബന്ധിച്ച് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ ചില ആശയക്കുഴപ്പങ്ങൾ കാരണം ലോക്കോപൈലറ്റിന് വഴി മാറിപ്പോയതാണെന്നാണ് അറിയിച്ചത്. എന്നാൽ ലോക്കോപൈലറ്റിന് വഴി തെറ്റിയയതാണെന്ന വാദം റെയിൽവേ നിഷേധിച്ചു.
ശ്രമിക് ട്രെയിന്‍ ആയതുകൊണ്ട് തന്നെ സാധാരണ വഴിയിലൂടെ പോകാനായിരുന്നില്ല നിര്‍ദേശം. ചില ട്രെയിനുകള്‍ റൂര്‍ക്കേല വഴി ബീഹാറിലേക്കും വിട്ടിരുന്നു. എന്നാല്‍ ഡ്രൈവര്‍ക്ക് എങ്ങനെ വഴി തെറ്റിയെന്ന് മനസിലാകുന്നില്ലെന്നാണ് റെയില്‍വേ നല്കിയ വിശദീകരണം. ജോലി നഷ്ടപ്പെട്ട് കഷ്ടതയിലായ തൊഴിലാളികൾക്ക് നീണ്ട ദിവസത്തെ കാത്തിരിപ്പിനുശേഷമാണ് ട്രെയിൻ ലഭ്യമായത്. റൂര്‍ക്കേലയില്‍ കുടുങ്ങിയ തൊഴിലാളികളെ ഏത് ട്രെയിനില്‍ യു.പിയില്‍ എത്തിക്കുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയായിട്ടില്ല.
content highlights: Train Carrying Migrants From Maharashtra to UP Ends up in Odisha, Railways Claims Planned ‘Diversion’