കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യം; കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുറത്തുനിന്ന് കൂടുതല്‍ ആളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ രോഗികളുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്ത് നിന്നും ആളുകള്‍ എത്താന്‍ തുടങ്ങിയതോടെ കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഇത്തരമൊരു നിഗമനത്തിലെത്താന്‍ കാരണം. സാഹചര്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് കേരളം സജ്ജമാക്കിയതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വരുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതെ നോക്കുകയാണ് കേരളം ലക്ഷ്യമിടുന്നത്. റിവേഴ്‌സ് ക്വാറന്റൈന്‍ അടക്കം കൃത്യമായി പാലിക്കണം. ഏറ്റവും പ്രായോഗികം ഹോം ക്വാറന്റൈന്‍ കൃത്യമായി നടത്തുക എന്നതാണ്. കേരളം പിന്‍തുടരുന്നത് ശ്രമകരമായ ദൗത്യമാണെന്നും അവര്‍ വ്യക്തമാക്കി.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഒരു കാരണവശാലും നിര്‍ദേശങ്ങള്‍ ലംഘിക്കരുത്. കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നാല്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ കേന്ദ്രങ്ങളിലെ ക്വാറന്റൈന്‍ ഏഴു ദിവസമാക്കിയ കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹമാണ്. കേരളം മുന്‍കൂട്ടി കണ്ടാണ് എല്ലാം ആസുത്രണം ചെയ്തത്. മരണനിരക്ക് കൂടില്ലെന്ന് ആത്മവിശ്വാസമുണ്ടെന്നും കെ. കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

Content Highlight: Covid cases may increased in the coming days, K K Shailaja