ചക്ക തലയിൽ വീണ് പരിക്കേറ്റ ആൾക്ക് പരിശോധനയിൽ കൊവിഡ്

Youth confirmed covid positive in Kannur without showing any symptoms 

തലയില്‍ ചക്ക വീണതിനെത്തുടര്‍ന്ന് കണ്ണൂർ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടിയ യുവാവിന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. ചക്ക തലയില്‍ വീണതിനെത്തുടര്‍ന്ന് സാരമായ പരിക്കേറ്റ കാസര്‍കോട് സ്വദേശിയായ യുവാവിനെ ശസ്ത്രക്രിയക്കായാണ് പരിയാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുവന്നത്. ഇദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കാസര്‍കോട് നിന്നുള്ള രോഗിയായതിനാല്‍ ശ്രവ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധനാ ഫലം വന്നപ്പോഴാണ് രോഗം ബാധിച്ചിട്ടുണ്ടെന്ന് മനസിലാവുന്നത്.

ഇതുൾപ്പെടെ മറ്റു രോഗങ്ങൾക്കു ചികിത്സ തേടിയെത്തിയ 2 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക കൂട്ടുന്നു. 3 പേർക്കും എങ്ങനെയാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ല. കണ്ണൂര്‍ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥനായ യുവാവിനാണ് കഴിഞ്ഞ ദിവസം സമാന രീതിയില്‍ രോഗം സ്ഥിരീകരിച്ചത്. ബൈക്ക് അപകടത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്രവ പരിശോധനയില്‍ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

നാഡീ സംബന്ധമായ അസുഖത്തിന് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ധര്‍മടം സ്വദേശിക്കും ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തിയ ശ്രവ പരിശോധനയിലാണ് കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. കണ്ണൂരില്‍നിന്നുള്ള രോഗിയായതിനാലാണ് ഇദ്ദേഹത്തിൻ്റെ ശ്രവ പരിശോധന നടത്തിയത്. രോഗലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആശങ്കയിലാണ്.

content highlights: Youth confirmed covid positive in Kannur without showing any symptoms