ഇന്ത്യയിൽ കൊവിഡ് വ്യാപനം; രാജ്യത്തുള്ള പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന

China to evacuate citizens from India amid pandemic, rising border tension

ഇന്ത്യയില്‍ കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള ചൈനീസ് പൗരന്‍മാരെ തിരിച്ചു വിളിച്ച് ചൈന. തിരിച്ചു പോവാനായി പ്രത്യേക വിമാനം ഒരുക്കിയെന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. ഇന്ത്യയിലുള്ള ചൈനീസ് വിദ്യാര്‍ത്ഥികള്‍, ടൂറിസ്റ്റുകള്‍, ബിസിനസ്സുകാർ തുടങ്ങിയവര്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചിരിക്കുന്നത്. മടങ്ങാനാഗ്രഹിക്കുന്നവര്‍ മെയ് 27 ന് രജിസ്റ്റര്‍ ചെയ്യാനാണ് എംബസി അറിയിച്ചിരിക്കുന്നത്.

മടങ്ങുന്നവര്‍ തങ്ങളുടെ മെഡിക്കല്‍ വിവരങ്ങള്‍ മറച്ചുവെക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഏതെങ്കിലും യാത്രക്കാർ തങ്ങളുടെ ആരോഗ്യ വിവരങ്ങൾ മറച്ചുവയ്ക്കുകയും രോഗം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്താൽ പൊതു ആരോഗ്യ സുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്നും ചെെനീസ് അധികൃതർ അറിയിച്ചിട്ടുണ്ട്. കൊവിഡ് രോഗികളുമായി അടുത്തിടപഴകിയവര്‍ക്കും ശരീരതാപനില 37.3 ഡിഗ്രിയില്‍ കൂടുതലുള്ളവര്‍ക്കും ചൈനയിലേക്ക് മടങ്ങാന്‍ പറ്റില്ല. ടിക്കറ്റ് ചെലവ് യാത്രക്കാര്‍ തന്നെ വഹിക്കണം. ചൈനയിലെത്തിയാല്‍ 14 ദിവസം ക്വാറൻ്റീനിൽ കഴിയണം. കൊവിഡ് മഹാമാരി ഏറ്റവും കൂടുതൽ ബാധിച്ച ചൈനീസ് പ്രവിശ്യയായ ഹുബേയിൽ നിന്ന് 700 ലധികം ഇന്ത്യൻ പൗരന്മാരെയും വിദേശ പൗരന്മാരെയും ഇന്ത്യ ഫെബ്രുവരിൽ തിരിച്ച് കൊണ്ടുവന്നിരുന്നു.

content highlights: China to evacuate citizens from India amid pandemic, rising border tension