ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടങ്ങുന്നു; ഡൽഹിയിൽ 82 വിമാനങ്ങൾ റദ്ദാക്കി, വിമാനത്താവളങ്ങളിൽ ആശയക്കുഴപ്പം

Domestic flights resume, passengers complain of flights being canceled without notice

ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചെങ്കിലും രാജ്യത്ത് പല വിമാനത്താവളങ്ങളിലും സര്‍വീസുകള്‍ മുടങ്ങി. ഡല്‍ഹിയില്‍ മാത്രം 82 വിമാനങ്ങള്‍ റദ്ദാക്കി. മുംബൈയിലും മറ്റ് പ്രധാന നഗരങ്ങളിലും നിരവധി വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ലൈന്‍ കമ്പനികള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിമാന സര്‍വീസ് നടത്താനാവില്ലെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചതിനെ തുടര്‍ന്നാണു വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നതെന്നു വിമാനത്താവള അധികൃതര്‍ പറഞ്ഞു.

രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഡല്‍ഹിയില്‍ നിന്ന് പുറപ്പെടുന്നതും ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതുമായ 82 വിമാനങ്ങളാണ് റദ്ദാക്കിയത്. അവസാനനിമിഷം വരെ ഇതേക്കുറിച്ച് അറിയിപ്പൊന്നും കിട്ടിയില്ലെന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പറഞ്ഞു. ടെര്‍മിനല്‍ മൂന്നില്‍ കടുത്ത പ്രതിഷേധമാണ് ഇവർ ഉയർത്തിയത്. 

രാജ്യത്തെ തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായ മുംബൈയിലെ ഛത്രപതി ശിവജി ഇൻ്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു. സമയം മാറ്റുകയോ വിമാനം റദ്ദാക്കുകയോ ചെയ്തത് സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുകയാണ്. അസമിലെ ഗുവാഹത്തിയിലും മണിപ്പുരിലെ ഇംഫാല്‍ വിമാനത്താവളത്തിലും മാത്രമാണ് സര്‍വീസ് നടക്കുന്നത്. മൂന്നിലൊന്ന് ആഭ്യന്തര വിമാന സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കുമെന്നു വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂണില്‍ ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി അറിയിച്ചത്.

content highlights: Domestic flights resume, passengers complain of flights being canceled without notice

LEAVE A REPLY

Please enter your comment!
Please enter your name here