പിണറായി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്: വാര്‍ഷികാഘോഷമില്ല; നാലു വര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ആര്‍ജിച്ച പുരോഗതി കോവിഡ് പ്രതിരോധത്തില്‍ സഹായകമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ ഭരണനേട്ടം വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധം കണക്കിലെടുത്ത് ഇത്തവണ വാര്‍ഷികാഘോഷമില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.

അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ ഭൂരിഭാഗവും നാലു വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. എന്നാല്‍ തടസങ്ങള്‍ ധാരാളമായിരുന്നു. തുടര്‍ച്ചയായി വന്ന പ്രകൃതി ക്ഷോഭത്തിനും മഹാമാരിക്കും കേരളത്തിന്റെ വികസന രംഗത്തെ തളര്‍ത്താന്‍ സാധിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെയെല്ലാം അതിജീവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. എന്നാല്‍ ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും മാതൃകയാകും വിധം വ്യത്യസ്ത മേഖലകളില്‍ മുന്നേറ്റം സൃഷ്ടിക്കാന്‍ നമ്മള്‍ക്ക് കഴിഞ്ഞു. നാലുവര്‍ഷത്തെ വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തോടൊപ്പം ദുരന്ത നിവാരണം എന്ന സുപ്രധാന ചുമതലയും നാം ഏറ്റെടുക്കേണ്ടിവന്നു.

ഓരോ വര്‍ഷവും പുതിയ പ്രതിസന്ധിയോടെ പൊരുതിയാണ് നാം കടന്നു വന്നത്. എന്നാല്‍ ഒരു ഘട്ടത്തിലും നാം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളില്‍ നിന്ന് തെന്നി മാറിയിട്ടുമില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് സംസ്ഥാനത്തിന്റെ അതിജീവനത്തിന്റെ പ്രധാന ശക്തിയായി മാറിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ജനങ്ങളുടെ മുമ്പില്‍ വാഗ്ദാനം ചൊരിഞ്ഞ് വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ് ചിലര്‍ നടത്തുന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ സമീപനം തികച്ചും വ്യത്യസ്തമാണ്. ജനങ്ങളോട് എന്താണ് പറയുന്നത്, അത് നടപ്പാക്കാനുള്ളതാണ്. അതുകൊണ്ടാണ് എല്ലാവര്‍ഷവും ചെയ്ത കാര്യം വിശദീകരിച്ചുകൊണ്ട് പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവും ആത്മവിശ്വാസവും ഹരിതാഭവുമുള്ള നവകേരളത്തിന്റെ സൃഷ്ടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതു നേടാന്‍ നാല് മിഷനുകള്‍ ആരംഭിച്ചു. ലൈഫ് മിഷനിലൂടെ 2,191,54 വീടുകള്‍ നിര്‍മിച്ചു നല്‍കി. ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമിയും പാര്‍പ്പിച്ച സമുച്ചയങ്ങളും നല്‍കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. അഞ്ചു വര്‍ഷത്തിനിടെ രണ്ടുലക്ഷം പട്ടയം നല്‍കുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനമായി അറിയിച്ചിരുന്നത്. ഇതില്‍ 1,43,000 പട്ടയം ഇതുവരെ നല്‍കി. കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച പ്രതിസന്ധിയാണ് രണ്ടുലക്ഷം പൂര്‍ത്തിയാകേണ്ടതിന് തടസമായത്. 35,000 പട്ടയം ഈ വര്‍ഷം തന്നെ നല്‍കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

Content Highlight: Pinarayi Government celebrates its fourth anniversary amid Covid 19

LEAVE A REPLY

Please enter your comment!
Please enter your name here