ഉത്തർപ്രദേശ് സർക്കാരിൻ്റെ അനുമതി ഇല്ലാതെ യുപിക്കാരായ തൊഴിലാളികളെ മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്കെടുക്കരുതെന്ന് യോഗി ആദിത്യനാഥ്

States Can't Hire Workers From UP Without Permission: Yogi Adityanath

ഉത്തര്‍പ്രദേശുകാരായ തൊഴിലാളികളെ ഉത്തര്‍പ്രദേശ് സര്‍ക്കാരിൻ്റെ അനുമതിയില്ലാതെ മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്കെടുക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ നിന്നുള്ള തൊളിലാളികളെ ആവശ്യമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ യുപി സര്‍ക്കാരിൻ്റെ അനുമതി വാങ്ങണം. തൊഴില്‍ സമയം 12 മണിക്കൂറായി വര്‍ദ്ധിപ്പിച്ചും തൊഴിലുടമയ്ക്ക് എപ്പോള്‍ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാമെന്നും തുടങ്ങി തൊഴിലവകാശങ്ങള്‍ റദ്ദാക്കി യോഗി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ വിവാദമായതിന് പിന്നാലെയാണ് പുതിയ തീരുമാനം. 

തൊഴിലാളികള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകാതെ യുപിയില്‍ തന്നെ ജോലി ലഭ്യമാക്കുന്നതിനായി കുടിയേറ്റ തൊഴിലാളി കമ്മീഷന്‍ രൂപീകരിക്കാനാണ് യോഗി സർക്കാരിൻ്റെ പുതിയ തീരുമാനം. യുപിക്കാരോട് മറ്റ് സംസ്ഥാനങ്ങള്‍ വളരെ മോശമായി പെരുമാറുന്നത് കൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും യോഗി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് യുപിയുടെ മനുഷ്യവിഭവശേഷി ഉപയോഗിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ അവര്‍ക്ക് ഇന്‍ഷുറന്‍സും സാമൂഹ്യസുരക്ഷയും ഉറപ്പാക്കും. അതേമയം ഞങ്ങളുടെ അനുമതിയില്ലാതെ അവര്‍ക്ക് ആരെയും കൊണ്ടുപോകാനാകില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയില്‍ നിന്നുള്ള 20 ലക്ഷത്തിലധികം അതിഥി തൊഴിലാളികളാണ് മറ്റ് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നത്.

content highlights: States Can’t Hire Workers From UP Without Permission: Yogi Adityanath