സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി; കൂടുതല്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനം കോവിഡ് സമൂഹ വ്യാപനത്തിന്റെ വക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ഇളവുകള്‍ ദുരുപയോഗം ചെയ്യാന്‍ പടില്ലെന്നും അദ്ദേഹം പറഞ്ഞു.

കടകളിലും ചന്തകളിലും മറ്റും വലിയ ആള്‍ക്കൂട്ടം കാണുന്നുണ്ട്. ഇത് ഒഴിവാക്കണം. നിയന്ത്രണം കര്‍ശനമാക്കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും നിയന്ത്രണമുണ്ട്. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും മരണത്തിന് 20 പേര്‍ക്കുമേ പങ്കെടുക്കാവൂ. ഇത് ലംഘിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസ്‌ക് നിര്‍ബന്ധമാണെങ്കിലും ധരിക്കാതിരിക്കാനുള്ള പ്രവണതയുണ്ട്. ഇത് അനുവദിക്കാനാവില്ല. എല്ലാവര്‍ക്കും പരിമിതമായ തോതിലെങ്കിലും മാസ്‌ക് സൗജന്യമായി ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlight: Kerala on its way to community spread, State should take care of Covid: Pinarayi Vijayan