സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയുളള മഴ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നാളെ അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 31ഓട് കൂടി ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കോട്ടയം,എറണാകുളം, ഇടുക്കി, മലപ്പുറം,കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ ഒമ്ബത് ജില്ലകളിലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയും ചില നേരങ്ങളില്‍ പൊടുന്നനെ വീശിയടിക്കുന്ന കാറ്റും ഉണ്ടായേക്കും.

മെയ് 31ഓട് കൂടി തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലിലുമായി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളത്തില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യ തൊഴിലാളികള്‍ മെയ് 31 മുതല്‍ ജൂണ്‍ 4 വരെ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ല. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Content Highlight: Yellow alert declared on 5 districts for tomorrow