സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരള തീരത്ത് 40 മുതല്‍ 50 കി.മി. വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേ സമയം കാലവര്‍ഷപ്പെയ്ത്തിന്റെ രീതിമാറ്റം പ്രകടമാക്കി ഇക്കുറിയും സംസ്ഥാനത്ത് ജൂണ്‍ മഴയില്‍ ഗണ്യമായ കുറവ്.

ജൂണില്‍ ശരാശരി 649.8 മില്ലിമീറ്റര്‍ മഴയാണു കേരളത്തില്‍ പെയ്യേണ്ടത്. എന്നാല്‍, കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ (2012 മുതല്‍ 2019 വരെ) ആറു വര്‍ഷവും ജൂണ്‍ മഴയില്‍ കാര്യമായ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. ഇക്കാലയളവില്‍ രണ്ടു തവണ മാത്രമാണ് ജൂണ്‍ മഴ കണക്കു തികച്ചത്. അതാകട്ടെ റിക്കാര്‍ഡ് മഴ പെയ്ത 2013ലും പ്രളയപ്പെയ്ത്തുണ്ടായ 2018ലുമാണ്. 2013 ജൂണില്‍ 1042.7 മില്ലിമീറ്ററും 2018 ജൂണില്‍ 750 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്.

Content Highlight: Meteorological Departments declares Yellow alert on 7 Districts in Kerala