വലിയ പാര്‍ശ്വഫലങ്ങളില്ല; ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് തുടരുമെന്ന് ഐസിഎംആര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പഠനങ്ങളില്‍ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (എച്ച്സിക്യു) ഉപയോഗത്തില്‍ കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കര്‍ശനമായ മെഡിക്കല്‍ മേല്‍നോട്ടത്തില്‍ കോവിഡ്-19 നുള്ള പ്രതിരോധ ചികിത്സയില്‍ ഇതിന്റെ ഉപയോഗം തുടരാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍).

ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘കോവിഡ് വ്യാപനം അനുദിനം വര്‍ധിക്കുകയാണ്. ഏതുമരുന്നാണ് ഫലപ്രദമെന്നും അല്ലാത്തതെന്നും ഇപ്പോള്‍ നമുക്ക് അറിയില്ല. രോഗനിര്‍ണയത്തിനായും ചിക്തിസയ്ക്കായും നിരവധി മരുന്നുകളാണ് പുനര്‍നിര്‍മ്മിക്കുന്നത്,’ ഐസിഎംആര്‍ മേധാവി ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

കോവിഡ് ചികിത്സക്കായി ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡബ്ല്യുഎച്ച്ഒ താത്കാലികമായി റദ്ദാക്കിയിരുന്നു. സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പരീക്ഷണം റദ്ദാക്കിയത്. എന്നാല്‍, ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിരീക്ഷിച്ചതില്‍ ചെറിയതോതില്‍ ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പ് കൂടല്‍ തുടങ്ങിയ അസ്വസ്ഥതകള്‍ അല്ലാതെ വലിയ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല, ഫലം ലഭിക്കുന്നതിനാല്‍ ഈ മരുന്ന് ഉപയോഗിക്കുന്നത് തുടരാനാണ് ഐസിഎംആര്‍ നല്‍കിയ നിര്‍ദേശം.

Content Highlight: ICMR rejects WHO’s opinion in not using hydroxychloroquine as Covid Medicine