ഇന്ത്യയിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഐസിഎംആർ

Entire population may not need to be vaccinated: ICMR

സമൂഹത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ നൽകേണ്ട ആവശ്യമില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. രോഗം സാരമായി ബാധിക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി രോഗത്തിൻ്റെ പകർച്ച തടയാനായാണ് വാക്സിൻ നൽകേണ്ടതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ പറഞ്ഞു. രോഗം ബാധിച്ച ആളുകൾക്കും രോഗം മാറിയവർക്കും വാക്സിൻ നൽകണോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ഐസിഎംആർ അധികൃതർ വ്യക്തമാക്കി. വാക്സിൻ എടുക്കുന്നവരിൽ ആൻ്റിബോഡികളുണ്ടോ എന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നും ഇവരിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടെന്നും നേരത്തെ ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. 

ഇത്തരം ശാസ്ത്രീയമായ പ്രശ്നങ്ങളെ വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രമെ പറയാനാകൂ എന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 25-30 കോടി ആളുകൾക്ക് വാക്സിൻ നൽകാനാണ് ഇപ്പോൾ കേന്ദ്രം തയ്യാറെടുക്കുന്നത്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കുമായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. 

content highlights: Entire population may not need to be vaccinated: ICMR