സംസ്ഥാനത്ത് മദ്യവിതരണം നാളെ രാവിലെ 9ന് ആരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ അറിയിച്ചു. ബുക്കിങ് സമയം രാവിലെ ആറ് മണി മുതല്‍ പത്ത് മണി വരെയാണ്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് മദ്യവില്‍പ്പന നടത്തുക. വെര്‍ച്വല്‍ ക്യൂവില്‍ ഒരു സമയം അഞ്ച് പേരെ മാത്രമേ അനുവദിക്കുകയുള്ളൂ. ബെവ് ക്യൂ ആപ്പ് അഞ്ച് മണിയോടെ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
ബുക്കിങില്‍ ഒരാള്‍ വന്ന് കഴിഞ്ഞാല്‍ നാല് ദിവസത്തേക്ക് ആ നമ്പറില്‍ ബുക്ക് ചെയ്യാന്‍ പറ്റില്ല. 612 ബാർ ഹോട്ടലുകളിൽ 576 പേർ മദ്യം വിതരണം ചെയ്യാൻ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാൻ കഴിയില്ല. പ്രത്യേക കൗണ്ടറിൽ നിന്ന് പാഴ്സൽ വാങ്ങാം. 360 ബിയർ വൈൻ ഷോപ്പുകളിൽ 291 പേർ വിൽപ്പന നടത്താൻ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വിൽക്കാൻ കഴിയില്ല. ക്ലബുകളിൽ നാളെ മദ്യവിൽപ്പനയുണ്ടാകില്ല. ഈയാഴ്ച തന്നെ തുടങ്ങും. അതേസമയം, കണ്ടെയ്ൻമെൻ്റ് സോണിലും റെഡ് സോണിലും മദ്യഷാപ്പുകൾ തുറക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഒരു കണ്‍സ്യൂമര്‍ 50 പൈസ വീതം ബീവറേജ് കോര്‍പ്പറേഷന് നല്‍കണം. എസ്.എം.എസിൻ്റെ തുകയായ 15 പൈസയും ഈടാക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. വീടുകളിൽ ഓൺലൈൻ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്റ്റാർട്അപ് മിഷനാണ് ആപ്പ് നിർമിക്കുന്ന കമ്പനിയെ തിരഞ്ഞെടുക്കാൻ ടെൻഡർ വിളിച്ചത്. 29 കമ്പനികൾ അപേക്ഷിച്ചു. 29 പ്രൊപ്പോസലുകളില്‍ നിന്ന് അഞ്ച് കമ്പനികളെ വിദഗ്ധര്‍ തിരഞ്ഞെടുത്ത് അതില്‍ ഏറ്റവും ചെലവ് കുറച്ചു മുന്നോട്ട് വന്ന ഫെയര്‍കോഡിന് അനുമതി നല്‍കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
content highlights: Liquor sale will resume tomorrow in Kerala, App ready for token says excise minister