രാജ്യത്ത് ലോക്ക് ഡൗണ്‍ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത

lockdown may be extended to the fifth phase

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം വിഷയം ചര്‍ച്ച ചെയ്തിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്നതിനാല്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കേണ്ടന്നാണ് മന്ത്രിസഭ ഉപസമിതിയുടെ വിലയിരുത്തല്‍. അതേസമയം ലോക്ക് ഡൗണ്‍ നീട്ടുന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കൊണ്ടാണ് ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ആലോചിക്കുന്നത്. ലോക്ക് ഡൗണ്‍ സംബന്ധിച്ച ഒരു പൊതുമാര്‍ഗ രേഖ മാത്രമായിരിക്കും കേന്ദ്രസര്‍ക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകു എന്നാണ് സൂചന. കണ്ടെയ്ൻമെൻ്റ് സോണുകളിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി തന്നെ പാലിക്കും.

മേയ് 31നാണ് നാലാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കുന്നത്. നാലാംഘട്ട ലോക്ക് ഡൗണിൽ ആഭ്യന്തര വിമാന സർവീസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ആരംഭിക്കാൻ കേന്ദ്രം അനുമതി നൽകിയിരുന്നു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായാൽ ജൂൺ അവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസും ആരംഭിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 

content highlights: lockdown may be extended to the fifth phase