പൊന്മുടി ഡാമിന് സമീപം മനുഷ്യന്റെ തലയോട്ടി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

ഇടുക്കി: പൊന്മുടി ഡാമിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ജലാശയത്തില്‍ മീന്‍പിടിക്കാന്‍ എത്തിയവരാണ് തലയോട്ടി കണ്ടത്. ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് എസ്ഐ. അനൂപ്‌മോന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.

പൊന്മുടി അണക്കെട്ടിലേക്കും തൂക്കുപാലത്തിലേക്കും തിരിയുന്ന ജംങ്ഷന്റെ എതിര്‍വശത്ത്, മെയിന്റോഡില്‍നിന്ന് 300 മീറ്ററോളം താഴെ കരയിലാണ് തലയോട്ടി കണ്ടെത്തിയത്. ഇവിടം വനപ്രദേശമാണ്. ജലനിരപ്പ് താഴ്ന്നതിനെത്തുടര്‍ന്നാണ് ഇത് ദൃശ്യമായതെന്ന് കരുതുന്നു.

കാലപ്പഴക്കം തോന്നിക്കുന്ന തലയോട്ടി, ശാസ്ത്രീയ പരിശോധനയ്ക്കായി ഫൊറന്‍സിക് വിഭാഗത്തിന് കൈമാറും. അതിനുശേഷമേ കൃത്യമായ പഴക്കം, സ്ത്രീയുടേതോ പുരുഷന്റേതോ തുടങ്ങിയ കാര്യങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.

Content Highlight: Man’s skull near Ponmudi dam Police intensified investigation