മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മെയ് ഒന്നിന് ശേഷം 97 ലക്ഷം കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയച്ചതായി കേന്ദ്രം. ഈ അപ്രതീക്ഷിതമായ പ്രതിസന്ധി നേരിടാന്‍ ”അത്ഭുതകരമായ നടപടികള്‍” സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡ് -19 ലോക്ക്ഡൗണിനിടയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് നേരിടേണ്ടി വന്ന അവസ്ഥയെക്കുറിച്ചുള്ള വാദം കേള്‍ക്കുന്നതിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ഇക്കാര്യം അറിയിച്ചത്.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തടയരുതെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ‘ഒരു കുടിയേറ്റ തൊഴിലാളി ഒരു സംസ്ഥാനത്തേക്ക് പോകാന്‍ ആഗ്രഹിക്കുമ്പോള്‍, ഞങ്ങള്‍ നിങ്ങളെ എടുക്കില്ലെന്ന് ഒരു സംസ്ഥാനത്തിനും പറയാനാവില്ല,” ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, കുടിയേറ്റ തൊഴിലാളികള്‍ക്കെതിരെ സ്വമേധയാ സ്വീകരിച്ച കേസ് പരിഗണിക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗതാഗതയോഗ്യമായ സമയപരിധി സര്‍ക്കാര്‍ തയ്യാറാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. ഇടക്കാലത്ത് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു. മെയ് ഒന്നിനും 27 നും ഇടയില്‍ 50 ലക്ഷം കുടിയേറ്റക്കാരെ ശ്രമിക് സ്പെഷല്‍ ട്രയിന്‍ വഴി അവരുടെ വീടുകളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 41 ലക്ഷം തൊഴിലാളികളെ റോഡ് മാര്‍ഗം അയച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.

കുടുങ്ങിപ്പോയ എല്ലാ കുടിയേറ്റക്കാരുടെയും വിവരങ്ങള്‍ സംസ്ഥാനങ്ങള്‍ നല്‍കുമ്പോള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. നാട്ടിലേക്ക് അയച്ച തൊഴിലാളികളില്‍ 80 ശതമാനവും ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Center told the Supreme Court that it has sent 97 lakh migrant workers home since May 1