ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്ത്; ചൈനയെയും മറി കടന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.6 ലക്ഷം കടന്നു. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്തെത്തി. മരണസംഖ്യയില്‍ കൊറോണ വൈറസിന്റെ ഉത്ഭവ രാജ്യമായ ചൈനയെയും ഇന്ത്യ മറികടന്നു. 1,65,386 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

ചൈനയിലെ രോഗബാധിതരുടെ എണ്ണം 84,106 ആണ്. 4711 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. ചൈനയില്‍ 4638 പേരാണ് ഇതുവരെ മരിച്ചത്. രാജ്യത്ത് 13 നഗരങ്ങളിലാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍. മഹാനഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നെ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

ഡല്‍ഹിയില്‍ പുതുതായി 1024 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 16,281 ആയി. 303 പേരാണ് ഇതുവരെ ഡല്‍ഹിയില്‍ മരിച്ചത്. ആദ്യമായാണ് ഒരുദിവസം 1000ത്തില്‍ അധികം പേര്‍ക്ക് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയാണ് കോവിഡ് മഹാമാരി ഏറ്റവും രൂക്ഷമായി നാശം വിതച്ച സംസ്ഥാനം. വ്യാഴാഴ്ച മാത്രം 2598 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതര്‍ 59,546 ആയി. 85 മരണം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തതോടെ 1982 പേര്‍ സംസ്ഥാനത്ത് മരിച്ചു.

ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 367 പേര്‍ക്കാണ്. രോഗബാധിതരുടെ എണ്ണം 15,572 ആയി. 22 പേര്‍ കൂടി കഴിഞ്ഞദിവസം മരിച്ചതോടെ മരണസംഖ്യ 960 ആയി. വ്യാഴാഴ്ച പശ്ചിമ ബംഗാളില്‍ 344 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 4536 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

Content Highlight: India ranks ninth in the world in Covid 19, India overtakes China

LEAVE A REPLY

Please enter your comment!
Please enter your name here