സാങ്കേതിക പ്രശ്‌നം പരിഹരിച്ചു; ബെവ് ക്യൂ പ്ലേ സ്റ്റോറില്‍ പ്ലേസ്റ്റോറില്‍ ലഭ്യം; ക്യൂ ആര്‍ കോഡ് സ്‌കാനിംങ് ഇല്ല

തിരുവനന്തപുരം: ബെവ് ക്യൂ ആപ്പിന്റെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ഫെയര്‍ കോഡ് കമ്പനി. ഇന്‍ഡക്‌സ് നടപടികള്‍ പൂര്‍ത്തിയായതോടെ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിത്തുടങ്ങി. അതേസമയം ബെവ് കോ ഔട്ട് ലൈറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിന് പകരം സംവിധാനം ഒരുക്കി.

ആദ്യ ദിവസം മുതലുണ്ടായിരുന്ന സാങ്കേതിക പ്രശ്‌നം പരിഹരിച്ചതായാണ് ഫെയര്‍ കോഡ് കമ്പനി അറിയിച്ചത്. ഇന്നലെ 440000 പേര്‍ക്ക് ടോക്കണ്‍ നല്‍കി. ദൂരസ്ഥലങ്ങളിലെ ഔട്ട് ലെറ്റുകളിലേക്ക് ടോക്കണ്‍ ലഭിക്കുന്നു എന്ന പരാതിയില്‍ കഴമ്പില്ലെന്ന് ഫെയര്‍ കോഡ് വ്യക്തമാക്കി. 20 കി.മീ പരിധിയിലുള്ള ബാര്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകളിലേക്ക് ടോക്കണ്‍ കൊടുക്കുന്നത് ബിവറേജസ് കോര്‍പ്പറേഷന്റെ നിര്‍ദ്ദേശ പ്രകാരമാണ്. തിരക്ക് ഒഴിവാക്കാനും കൂടുതല്‍ ഔട്ട് ലെറ്റുകളില്‍ വില്‍പ്പന നടക്കാനും വേണ്ടിയാണ് ഇത്തരത്തിലുള്ള ക്രമീകരണം. നാളെയും മറ്റന്നാളും മദ്യം ലഭിക്കാത്തതിനാല്‍ ആപ്പ് വഴിയുള്ള ബുക്കിങ് ഇനി തിങ്കളാഴ്ച മുതലായിരിക്കും നടത്താന്‍ കഴിയുക.

ഇനി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ബെവ് ക്യൂ ആപ്പ് തെരഞ്ഞാല്‍ കിട്ടും. നേരത്തെ ലിങ്ക് വഴിയാണ് ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമായിരുന്നത്. ലിങ്ക് വഴി ഇന്‍സ്റ്റാള്‍ ചെയ്തവര്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യണം. അതേസമയം ടോക്കണിലുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്ന നടപടി ബെവ് കോ താത്കാലികമായി നിര്‍ത്തി. മദ്യം ബുക്ക് ചെയ്യുന്നവരുടെ പട്ടിക അതാത് ഔട്ട് ലെറ്റുകളിലേക്ക് കൈമാറും. അത് നോക്കിയായിരിക്കും ഇനി മദ്യവിതരണം. പലയിടത്തും ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ പറ്റാതായതോടെയാണ് ബെവ് കോ പുതിയ സംവിധാനമൊരുക്കിയത്.

Content Highlight: Technical mistakes cleared in the Bev Q App