തിരുവനന്തപുരം: കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ ആകെ എണ്ണം 92 ആയി. ഇതില്‍ 18 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെയുളള രോഗബാധ സംസ്ഥാന ശരാശരിയെക്കാള്‍ കൂടുതലാണെന്നും കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് 19ന്റെ മൂന്നാംഘട്ടത്തില്‍ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച 95 പേരില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിയും കൂടാളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയും രോഗവിമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച ഒരാള്‍ മരണത്തിന് കീഴടങ്ങി. ബാക്കിയുളള 18 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായി ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. ഇതില്‍13 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ട് റിമാന്‍ഡ് പ്രതികളും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ചെറുവാഞ്ചേരി സ്വദേശിയുമാണ് മറ്റുളളവര്‍.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.
കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 25 ആയി. ഈ പ്രദേശങ്ങളിലാവും ആദ്യ ഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ഡൌണ് അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
Content Highlight: Colloid infestation in Kannur is twice the state average; The triple lockdown might be announced