കോഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. വിദേശത്ത് നിന്നെത്തി നിരീക്ഷണത്തിലായിരുന്ന ഹാഷിം ആണ് മരിച്ചത്. 62 വയസ്സായിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാള്‍ കോവിഡ് നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം ആശുപത്രി അധികൃതരെ അറിയിച്ചില്ലെന്നാണ് ആരോപണം. അതിനാല്‍ മരിച്ചയാളുടെ കോവിഡ് പരിശോധന ഫലം പുറത്തുവരുന്നതുവരെ ആരോഗ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരും.
ഈ മാസം 17 നാണ് ഹാഷിം ഷാര്‍ജയില്‍ നിന്ന് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നീരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. അവിടത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ വീട്ടിലേക്ക് മടങ്ങിയതായിരുന്നു. ബാക്കി ദിവസത്തെ നിരീക്ഷണ കാലാവധി വീട്ടില്‍ പൂര്‍ത്തിയാക്കുന്നതിനിടെയാണ് ഹാഷിം കുഴഞ്ഞുവീണത്. വീട്ടില്‍ കുഴഞ്ഞുവീണ ഹാഷിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചവര്‍ ഇദ്ദേഹം കോവിഡ് നിരീക്ഷണത്തിലിരിക്കുകയായിരുന്നു എന്ന വിവരം അറിയിച്ചില്ല എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മസ്തിഷ്ക ആഘാതമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. മാത്രമല്ല, കോവിഡ് ലക്ഷണങ്ങളൊന്നുംതന്നെ ഇയാള്‍ പ്രകടിപ്പിച്ചിരുന്നുമില്ല. അതുകൊണ്ടുതന്നെ ആശുപത്രി അധികൃതര്‍ക്കും സംശയമൊന്നും തോന്നിയിരുന്നുമില്ല. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും ബാക്കി നടപടികള്‍ സ്വീകരിക്കുക.
Content Highlight: Covid patient died in Calicut