രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ഇന്ന്; ആഘോഷങ്ങള്‍ ഓണ്‍ലൈന്‍ ആക്കി ബി.ജെ.പി

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷം തികഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഓണ്‍ ലൈന്‍ വഴിയാണ് ബി.ജെ.പി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്നത്. 2014 ന് സമാനമായി മൃഗീയ ഭൂരിപക്ഷത്തോടെയാണ് എന്‍.ഡി. എ 2019ലും ഭരണത്തില്‍ വന്നത്.

ബി.ജെ.പി മാത്രം കേവല ഭൂരിപക്ഷത്തിനു വേണ്ടതിലും അധികം സീറ്റ് നേടി. 303 സീറ്റുകള്‍. ഘടകകക്ഷികളുടെ സീറ്റുകളും ചേര്‍ത്താല്‍ അത് 353 ആകും. മെയ് 30ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ശേഷം മുത്തലാഖ്, കശ്മീരിന്റെ പ്രത്യേക അവകാശം, പൗരത്വ ഭേദഗതി നിയമം തുടങ്ങി ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപടുകള്‍ നിയമപരമായി നടപ്പിലാക്കി എടുക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഘട്ടത്തില്‍ കോവിഡ് രോഗവ്യാപനവും കൂടി വന്നത് എങ്ങനെ മറികടക്കും എന്നത് നരേന്ദ്ര മോദിക്ക് മുന്നിലുള്ള വെല്ലുവിളി. എന്നാല്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള തിടുക്കം കാണിച്ചുവെന്നത് സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നുണ്ട്.

വരുന്ന നാല് വര്‍ഷവും ഒരു വശത്തു ബി.ജെ.പിയുടെയും ആര്‍. എസ്.എസിന്റെയും അജണ്ടകള്‍ നടപ്പിലാക്കുകയും മറുവശത്ത് സാമ്പത്തിക പരിഷ്‌കരണങ്ങള്‍ കൊണ്ട് വരികയുമാവും മോദി സര്‍ക്കാര്‍ ചെയ്യുക. ഒന്നാം വാര്‍ഷികമായ ഇന്ന് ആയിരം ഓണ്‍ ലൈന്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടാന്‍ കേന്ദ്ര. മന്ത്രിമാരുടെ അഭിമുഖങ്ങള്‍ പ്രസിദ്ധീകരിക്കും.

Content Highlight: Online Celebrations planned by BJP on its First Anniversary amid Covid