രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു; ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു

സോള്‍: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചതോടെ ദക്ഷിണ കൊറിയയിലെ സ്‌കൂളുകള്‍ വീണ്ടും അടച്ചു. ബുധനാഴ്ചയാണ് ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ വീണ്ടും തുറന്നത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയതോടെ വീണ്ടും സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിക്കുക ആയിരുന്നു.

കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിന് പിന്നാലെ ബുധനാഴ്ച സ്‌കൂളുകള്‍ തുറന്നു. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ബുധനാഴ്ച സ്‌കൂളുകളില്‍ എത്തിയത്. എന്നാല്‍ വ്യാഴാഴ്ച 79 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇത് രണ്ട് മാസത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ബുച്ചിയോണിലെ 251 സ്‌കൂളുകള്‍ തുറന്ന് അധ്യായനം ആരംഭിച്ചതിന് ശേഷം വീണ്ടും അടച്ചിട്ടു.

കൂടാതെ സോളിലെ 117 സ്‌കൂളുകള്‍ തുറക്കുന്നതും മാറ്റിവെച്ചിട്ടുണ്ട്. സോളിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് വെയര്‍ഹൗസ് ജീവനക്കാരിയാണ്. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 58 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 11,402 ആയി.

Content Highlight: South Korea closes schools again after biggest spike in weeks