ഡൽഹിയിൽ ഇന്നും 1000 കടന്ന് കൊവിഡ് കേസുകൾ; ഇരുപതിനായിരത്തിലേക്ക് അടുത്ത് കൊവിഡ് രോഗികൾ

Over 1,000 New Coronavirus Cases In Delhi For Fourth Day In A Row

തുടര്‍ച്ചയായ നാലാം ദിവസത്തിലും ഡല്‍ഹിയില്‍ 1000 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യ തലസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 19,844 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനങ്ങളിൽ മൂന്നാമതാണ് ഡൽഹി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡൽഹിയിൽ രോഗം ബാധിച്ച് 13 പേരാണ് മരിച്ചത്. ഇതോടെ ഡല്‍ഹിയിലെ ആകെ മരണം 473 ആയി.

ഡൽഹിയിൽ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടുന്നു. ക്രൈം ബ്രാഞ്ച് ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. ദില്ലി എംയിസിലെ മലയാളി നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിച്ചു തുടങ്ങുമ്പോഴും രാജ്യത്തെ കൊവിഡ് വ്യാപനത്തിന് കുറവുണ്ടാകാത്തത് ആശങ്ക പരത്തുന്നുണ്ട്. അതേ സമയം കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജീവനക്കാർക്ക് ശമ്പളം നൽകാനും 5000 കോടി രൂപ കേന്ദ്രത്തോട് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: Over 1,000 New Coronavirus Cases In Delhi For Fourth Day In A Row