ന്യൂഡല്‍ഹി: ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭ അനുമതി. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രകാശ് ജാവദേക്കറിനു പുറമെ നിതിന്‍ ഗഡ്കരി, നരേന്ദ്ര തോമര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലായിരുന്നു ഇന്ന് രാവിലെ ക്യാബിനറ്റ് യോഗം ചേര്‍ന്നത്.
ഇരുപതിനായിരം കോടി രൂപയുടെതാണ് ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജ്. ഇത് രണ്ടുലക്ഷം സംരഭകര്‍ക്ക് നേട്ടമാകുമെന്നാണ് കരുതപ്പെടുന്നത്. സൂക്ഷ്മ ചെറുകിട മേഖല സ്ഥാപനങ്ങളുടെ വ്യാഖ്യാനം മാറ്റിയതായും ജാവദേക്കര്‍ വ്യക്തമാക്കി. 50 കോടി നിക്ഷേപവും 250 കോടി വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ എംഎസ്എംഇയുടെ പരിധിയിലായി.
വഴിയോരക്കച്ചവടക്കാര്‍ക്ക് 10,000 രൂപവരെ വായ്പ ലഭിക്കും. പ്രവര്‍ത്തന മൂലധനമായാണ് പണം ലഭിക്കുക. മാസത്തവണകളായി ഇത് തിരിച്ചടയ്ക്കാം. 14 ഖാരിഫ് വിളകള്‍ക്ക് താങ്ങുവില ഉയര്‍ത്തിയതായി കേന്ദ്ര മന്ത്രി നരേന്ദ്ര തോമര്‍ അറിയിച്ചു. കര്‍ഷകര്‍ക്ക് 7% പലിശനിരക്കില്‍ ലോണ്‍ നല്‍കും. കൃത്യമായ സമയത്ത് തിരിച്ചടയ്ക്കുന്നവര്‍ക്ക് 3% ഇളവ് നല്‍കും 9 ശതമാനമാണ് യഥാര്‍ഥ പലിശനിരക്ക് ഇതില്‍ സര്‍ക്കാര്‍ 2% ഇളവ് നല്‍കിയാണ് ലോണ്‍ അനുവദിക്കുന്നത്.
Content Highlight: 20,000 crore for small and medium-sized enterprises; Cabinet approves the package