സംസ്ഥാനത്ത് 57 പേര്‍ക്ക് കൊവിഡ്; 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് 57 പേര്‍ക്ക്. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. 55 പേരും സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 18 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവായി.

കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്. കൂടുതല്‍ മേഖലകളില്‍ ഇളവ് വരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു.

കൊറോണ വൈറസില്‍ നിന്നും നമ്മുടേയും കുടുംബത്തിന്റേയും മറ്റുള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതാണ്. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. മാസ്‌ക് ധരിക്കുകയും മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുകയും ചെയ്യണം.

വയോധികര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വീട് വിട്ട് പുറത്തിറങ്ങാതിരിക്കാനും രോഗ സാധ്യതയുള്ളവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകുക, മാസ്‌ക് ധരിക്കുക, വ്യക്തിപരമായി അകലം പാലിക്കുക എന്നിവ എല്ലാവരും പാലിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlight: 57 Cases reported today in Kerala