രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 230 പേര്‍ മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിലേക്ക്. 1,98,370 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,608 മരണവും റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 230 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കഴിഞ്ഞദിവസം മാത്രം 8400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 94,036 പേര്‍ക്ക് ഇതുവരെ രോഗം ഭേദമാകുകയും ചെയ്തു. 96988 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 70,000 കടന്നു. 70,013 പേര്‍ക്കാണ് ഇതുവരെ ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ച 2361പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 76 മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പ്രധാന നഗരമായ മുംബൈയില്‍ രോഗബാധിതരുടെ എണ്ണം 41,099 ആയി. 1413 പേര്‍ക്കാണ് തിങ്കളാഴ്ച മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1319 പേര്‍ മരിക്കുകയും ചെയ്തു.

മഹാരാഷ്ട്രക്ക് പുറമെ ഗുജറാത്ത്, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗബാധിതരുളളത്. തമിഴ്‌നാട്ടില്‍ 1162 പേര്‍ക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 23,495 ആയി. 184 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ മരിച്ചത്. പ്രധാന നഗരമായ ചെന്നൈയില്‍ 967 പേര്‍ക്ക് തിങ്കളാഴ്ച കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ നഗരത്തിലെ രോഗബാധിതരുടെ എണ്ണം 15,770 ആയി.

അഞ്ചാംഘട്ട ലോക്ഡൗണില്‍ മിക്ക സംസ്ഥാനങ്ങളും ഇളവുകള്‍ അനുവദിച്ചിരുന്നു. ഇതോടെ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത കുരുക്കുണ്ടായി. ലോകരാജ്യങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇതോടെ ഇന്ത്യ ഏഴാംസ്ഥാനത്തെത്തി. യു.എസ്, ബ്രസീല്‍, റഷ്യ, യു.കെ, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളിലാണ് ഇന്ത്യയെക്കാള്‍ കൂടുതല്‍ കോവിഡ് ബാധിതരുള്ളത്.

Content Highlight: Covid cases in India reaches 2 lakhs