‘അണ്‍ലോക്ക് 1’ തന്ത്രപ്രകാരം; ഇന്ത്യയുടെ വളര്‍ച്ച വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വളര്‍ച്ച അധികം വൈകാതെ തന്നെ തിരിച്ചുപിടിക്കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘അണ്‍ലോക്ക് 1’ തന്ത്രപ്രകാരം സുഗമമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉപയോഗിച്ച് സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന പ്രക്രിയ ആരംഭിച്ചു കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. സിഐഐയുടെ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളര്‍ച്ച തിരിച്ചുപിടിക്കുന്നതിനപ്പുറത്തേക്ക് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും നമ്മുടെ വളര്‍ച്ച തിരികെ ലഭിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയില്‍ കൊറോണ വൈറസിന്റെ ആഘാതത്തെക്കുറിച്ച് അഭിപ്രായപ്പെട്ട അദ്ദേഹം, പൗരന്മാരുടെ ജീവന്‍ രക്ഷിക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സുസ്ഥിരമാക്കുകയെന്ന ലക്ഷ്യവും സര്‍ക്കാരിനുണ്ടെന്ന് ചൂണ്ടികാട്ടി.

കൊറോണ വൈറസും, നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണും മൂലമുണ്ടായ സാമ്പത്തിക ദുരിതത്തില്‍ നിന്ന് കരകയറാന്‍ വ്യവസായത്തിന് സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ദീര്‍ഘകാല വളര്‍ച്ചാ പദ്ധതികളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇന്ത്യയെ സ്വയം പ്രേരിതമാക്കുന്ന ‘ആത്മ നിര്‍ഭര്‍’ പദ്ധതിയിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രാദേശിക വിതരണ ശൃംഖലകളും തദ്ദേശീയ ഉല്‍പാദന യൂണിറ്റുകളും ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം വ്യവസായ പ്രമുഖരോട് പറഞ്ഞു. സ്വാശ്രയത്വം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ഭാവിയിലെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ ആഭ്യന്തര വ്യവസായത്തെ ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രി അവരോട് ആവശ്യപ്പെട്ടു. മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പദ്ധതികള്‍ പ്രകാരം കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വ്യവസായ പ്രമുഖരുമായി സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Content Highlight: PM Modi says India will regain its Growth soon