ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് ട്രെയിനില്‍ റിട്ടേണ്‍ ടിക്കറ്റോടെ അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. വരുന്നവര്‍ ഒരാഴ്ചയ്ക്കകം തിരിച്ച് പോകുന്നുവെന്ന് ഉറപ്പാക്കണം. ഇന്നലെ കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ട് നിന്നായതിനാല്‍ കണ്ണൂരില്‍ നിന്ന് ടിക്കറ്റ് റിസര്‍വ് ചെയ്തവരുടെ യാത്ര മുടങ്ങി. കണ്ണൂരില്‍ നിന്ന് ട്രെയിന്‍ ആരംഭിക്കുന്ന കാര്യം റെയില്‍വെയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പിണറായി പറഞ്ഞു.

അതേസമയം ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു. രാജ്യത്താകെ സമയക്രമം അനുസരിച്ചുള്ള ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്നു മുതല്‍ ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലും ട്രെയിനുകളോടിത്തുടങ്ങുന്നത്. ആറ് ട്രെയിനുകളാണ് ഇന്ന് കേരളത്തില്‍ സര്‍വീസ് നടത്തുക. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ഉറപ്പിച്ചവര്‍ക്ക് മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ.

ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല. ട്രെയിനില്‍ യാത്ര ചെയ്യുന്ന എല്ലാവരും നിര്‍ബന്ധമായും യാത്രയുടെ അര മണിക്കൂര്‍ മുന്‍പെങ്കിലും റെയില്‍വേ സ്റ്റേഷനില്‍ എത്തണമെന്നും ഇതരസംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൂടി കൊണ്ടു വരണമെന്നും കോഴിക്കോട് കളക്ടര്‍ സാംബശിവറാവു അറിയിച്ചു.

Content Highlight: Quarantine will not made compulsory for those who traveled in return ticket