ഓരോ കുടിയേറ്റ തൊഴിലളികൾക്കും 10000 രൂപ വീതം കേന്ദ്ര സർക്കാർ നൽകണമെന്ന ആവശ്യവുമായി മമത ബാനർജി

mamta banerji ask the center to transfer rs 10000 cash to each migrant worker

ഓരോ കുടിയേറ്റ തൊഴിലാളികളുടെയും ബാങ്ക് അക്കൌണ്ടുകളിലേക്ക് 10000 രൂപ വീതം കേന്ദ്ര സർക്കാർ നിക്ഷേപിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായുള്ള പണം കണ്ടെത്തണമെന്നാണ് മമത ആവശ്യപെട്ടത്. കേന്ദ്രത്തിൻ്റെയും സംസ്ഥാന സർക്കാരിൻ്റെയും പഴിചാരൽ തുടരുന്നതിനിടയിലാണ് മമത ബാനർജിയുടെ ഇത്തരത്തിലൊരു ആവശ്യം.

മഹാമാരി പടരുന്ന സാഹചര്യത്തിൽ വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കുടിയേറ്റ തൊഴിലാളികൾ കടന്നു പോകുന്നതെന്നും, വിവിധ മേഖലകളിലായി തൊഴിൽ ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് 10000 രൂപ നൽകണമെന്നും, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി പണം കണ്ടെത്താമെന്നുമാണ് മമത പറഞ്ഞത്. ഉംപൂൺ ചുഴലിക്കാറ്റിൽ വീട് നഷ്ടമായവർക്ക് 20000 രൂപ വീതം സംസ്ഥാന സർക്കാർ നൽകിയെന്നും, വിളനാശം സംഭവിച്ച 23.3 ലക്ഷം കർഷകർക്കുള്ള നഷ്ടപരിഹാരം നൽകാൻ സാധിച്ചതായും മമത വ്യക്തമാക്കി.

എന്നാൽ അന്യ സംസ്ഥാനങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടു വരുന്നതിലെ വീഴ്ചയിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് മമത ബാനർജി പുതിയൊരു ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് ബിജെപി നാഷ്ണൽ സെക്രട്ടറി രാഹുൽ സിൻഹ ആരോപിച്ചു.

Content Highlights; mamta banerji ask the center to transfer rs 10000 cash to each migrant worker