പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തി; ദുരിതാശ്വാസ, പുനരധിവാസ ചര്‍ച്ചകളില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട്

കൊല്‍ക്കത്ത: ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു. ബംഗാളില്‍നിന്ന് അദ്ദേഹം ഒഡീഷയിലേക്ക് പോകും.

ഇരുസംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. മുഖ്യമന്ത്രിമാരായ മമത ബാനര്‍ജിയും നവീന്‍ പട്‌നായിക്കും അതാത് സംസ്ഥാനങ്ങളില്‍ വ്യോമനിരീക്ഷണത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കുചേരും.

അംപന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 77 പേര്‍ മരിക്കുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാവുകയും ചെയ്തു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത നാശനഷ്ടമാണ് നേരിട്ടത്. പാലങ്ങള്‍ തകര്‍ന്ന് ഗതാഗതം മുടങ്ങി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഒഡീഷയിലും ഇത് കനത്ത നാശം വിതച്ചു. നിരവധി തീരദേശ ജില്ലകളില്‍ വൈദ്യുതിയും ഫോണ്‍ ബന്ധവും താറുമാറായി.

ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് മോദി രാജ്യതലസ്ഥാനത്തിന് പുറത്തുപോകുന്നത്. ഫെബ്രുവരി 29ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജാണ് അദ്ദേഹം അവസാനമായി സന്ദര്‍ശിച്ചത്.

Content Highlight: PM Narendra Modi reached West Bengal to analyse the Amphan disaster

LEAVE A REPLY

Please enter your comment!
Please enter your name here