തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്; നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാണം അവസാന ഘട്ടത്തിലേക്ക്. എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്തും. പത്തനംതിട്ടയിലും തിരുവനന്തപുരത്തും രണ്ട് സമ്മേളനങ്ങളില്‍ മോദി പങ്കെടുക്കും. കോന്നിയില്‍ വിജയ് യാത്രയിലും പങ്കെടുക്കും. റാലിയിലും പ്രമാടം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ പങ്കെടുക്കും

ഉച്ചയ്ക്ക് ഒന്നിന് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങും. 1.15നാണ് റാലിയും പൊതുസമ്മേളനവും. പത്തനംതിട്ട ജില്ലയിലെ അഞ്ച് മണ്ഡലങ്ങള്‍ക്ക് പുറമേ ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കൊട്ടാരക്കര മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളും പരിപാടികളില്‍ പങ്കെടുക്കും. അതിനുശേഷം 2.05ന് മോദി കന്യാകുമാരിയിലേക്ക് പോകും. വൈകിട്ട് അഞ്ചിന് കഴക്കൂട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് പൊതുസമ്മേളനം. അതിനുശേഷം പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ദേശീയ നേതാക്കളാണ് ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ ഇന്ന് മൂന്ന് ജില്ലകളിലെത്തും. കോഴിക്കോട് ബേപ്പൂരിലും പാലക്കാട് പറളിയിലും തൃശ്ശൂരിലും ചൗഹാന്‍ പ്രചാരണത്തിനെത്തും. ഷാനവാസ് ഹുസൈന്‍ നാദാപുരത്തെ പ്രചാരണ പരിപാടിയിലും പങ്കെടുക്കും.

content highlights: PM Narendra Modi in Kerala