പാത്രം കൊട്ടി ആദരമര്‍പ്പിക്കല്‍, ദീപം തെളിയിക്കല്‍; ജനതാ കര്‍ഫ്യൂ എല്ലാ തലമുറയും ഓര്‍ത്തുവെക്കുമെന്ന് മോദി

ജനത കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ആശ്ചര്യമായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഒരു ഉദാഹരണമായിരുന്നു അത്. വരും തലമുറ തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കും. അതുപോലെ കോവിഡ് പോരാളികളെ ആദരിക്കുന്നതിനു വേണ്ടി പാത്രം കൊട്ടുക, കൈ കൊട്ടുക, ദീപം തെളിയിക്കുക ഇതെല്ലാം കോവിഡ് പോരാളികളുടെ മനസിനെ എത്ര സ്പര്‍ശിച്ചു എന്നത് നാം ഊഹിക്കുന്നതിനും അപ്പുറത്താണ്. അതിനാലാണ് അവര്‍ നീണ്ട ഒരു വര്‍ഷം തളരാതെ തുടരെ അടിയുറച്ചു നിന്നത്. രാജ്യത്തെ ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കഠിനമായി മല്ലിട്ടുകൊണ്ടിരിക്കുന്നതെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിന്റെ 75ാം അധ്യായത്തിലായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രാജ്യത്തെ ജനങ്ങള്‍ ആദ്യമായി ജനത കര്‍ഫ്യൂ എന്ന വാക്ക് കേട്ടത്. അതിനെക്കുറിച്ചുള്ള രാജ്യത്തെ ജനങ്ങളുടെ അനുഭവം ഒന്നു കേള്‍ക്കണം. ജനത കര്‍ഫ്യൂ ലോകത്തിനു മുഴുവന്‍ ഒരു ആശ്ചര്യമായിരുന്നു. അച്ചടക്കത്തിന്റെ അത്ഭുതകരമായ ഉദാഹരണമായിരുന്നു അത്. വരും തലമുറ തീര്‍ച്ചയായും ഇക്കാര്യത്തില്‍ അഭിമാനിക്കുക തന്നെ ചെയ്യും. കോവിഡ് വാക്സിന്‍ എപ്പോള്‍ വരും എന്നതായിരുന്നു കഴിഞ്ഞവര്‍ഷം ഇതേ സമയത്തെ ചോദ്യം. ഇന്ന് ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പരിപാടി നടന്നുവരികയാണ് എന്നത് നമുക്ക് അഭിമാനകരമായ കാര്യമാണ്. അദ്ദേഹം പറഞ്ഞു.

2020 മാര്‍ച്ച് 22ന് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുമണിവരെയായിരുന്നു ജനത കര്‍ഫ്യൂ. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു ആഹ്വാനം.

content highlights: PM Modi remembers last year’s Janata Curfew, pushes for Atmanirbhar Bharat