കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ ആരോഗ്യപ്രവർത്തകരുടേയും ഡോക്ടർമാരുടേയും സുരക്ഷയുടെ ഉത്തരവാദിത്വം അവരവർക്ക് തന്നെയെന്ന് ആരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചു. ശരിയായ വിധത്തിൽ പിപിഇ കിറ്റുകൾ ധരിക്കുകയും ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്താൽ ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് ഉണ്ടാകില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. 14 ദിവസം രോഗികളുമായി സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർക്ക് പിന്നീട് 14 ദിവസത്തെ ക്വാറൻ്റീൻ ആവശ്യമില്ലെന്ന സർക്കാർ നിലപാടിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം മറുപടി നൽകിയത്.
ആരോഗ്യപ്രവർത്തകരുടെ ബന്ധുക്കൾക്ക് രോഗബാധ ഉണ്ടാവാതിരിക്കാൻ ഇവർക്ക് ആശുപത്രിക്ക് അടുത്തുതന്നെ താമസ സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഹര്ജിക്കാരൻ ഉന്നയിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയായി ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ ബന്ധുക്കൾക്ക് രോഗം വരില്ലെന്നാണ് കേന്ദ്രം പറയുന്നത്. വരും നാളുകളിൽ കൊവിഡ് രോഗികളെ ചികിത്സിക്കാൻ താത്കാലിക ആശുപത്രികൾ നിർമിക്കേണ്ടി വരുമെന്നും അത്തരം സന്ദർഭങ്ങളിൽ ഡോക്ടർമാരേയും ആരോഗ്യപ്രവർത്തകരേയും ക്വാറൻ്റീനിൽ വിടുക അസാധ്യമായിരിക്കുമെന്ന് കേന്ദ്രം കോടതിയിൽ ചൂണ്ടിക്കാട്ടി.
പിപിഇ കിറ്റ് ധരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും രോഗബാധ ഉണ്ടാവുന്നുണ്ടെന്ന ഹർജിക്കാരൻ്റെ വാദം വെറും ഊഹത്തിൻ്റെ പുറത്തുള്ളതാണെന്നും അതിന് വസ്തുതയുടെ പിൻബലം ഇല്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വാദിച്ചു.
content highlights: Doctors responsible for their own safety when dealing with COVID-19 cases: Govt in Supreme Court