ലോക്ക്ഡൗണ്‍ ഇളവ്: സംസ്ഥാനത്തെ ആരാധനാലയങ്ങളും മാളുകളും തുറക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥനത്ത് ജൂണ്‍ 8 മുതല്‍ തുറക്കാനുദ്ദേശിച്ചിരിക്കുന്ന മാളുകളും ആരാധനാലയങ്ങളും ഇപ്പോള്‍ തുറക്കരുന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇളവ് നല്‍കിയാല്‍ ആളുകള്‍ ഏറ്റവുമധികം കൂടാനുള്ള സാധ്യത പരിഗണിച്ചാണ് മുന്നറിയിപ്പ്. സാമൂഹ്യ അകലമോ, തെര്‍മല്‍ സ്‌കാനിങ്ങോ ഇത്തരമൊരു അവസ്ഥയില്‍ സാധ്യമായെന്ന് വരില്ലെന്നും ഐഎംഎ ചൂണ്ടികാട്ടുന്നു.

കേരളത്തില്‍ നിലവിലുള്ള ഉറവിടമറിയാത്ത കേസുകളിലൂടെ സാമൂഹ്യ വ്യാപനം നടക്കുന്നുണ്ടെന്ന് വേണം കരുതാനെന്ന് ഐഎംഎ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇതേവരെ സമൂഹ്യ വ്യാപന ഘട്ടമായിട്ടില്ലെന്ന് മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും പറഞ്ഞിരുന്നു. ഇളവുകള്‍ നല്‍കിയതോടെ സാമൂഹിക അകലം പാലിക്കാതെയും, മാസ്‌ക് ധരിക്കാതെയും ജനങ്ങള്‍ നടക്കുന്നത് ആശങ്കാവഹമാണ്. പുറം രാജ്യങ്ങളില്‍ നിന്നും അന്യസംസ്ഥാനത്ത് നിന്നും ആളുകള്‍ വരാന്‍ തുടങ്ങിയതോടെ കേരളത്തില്‍ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ്.

ആരാധനാലയങ്ങളുടെ പ്രവര്‍ത്തനവും കൂടിയായാല്‍ കേസുകള്‍ നിയന്ത്രിക്കാനാകാത്ത സാഹചര്യം വരുമെന്ന ആശങ്കയാണ് ഐഎംഎ പങ്കുവെച്ചത്. ഇത്തരമൊരവസ്ഥ കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെ തന്നെ തകിടം മറിക്കുമെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ആളുകള്‍ കൂടാന്‍ സാധ്യതയുള്ള എല്ലാ അവസരങ്ങളും നിഷേധിക്കണമെന്ന് ഐഎംഎ കേരളാഘടകം വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു.

Content Highlight: IMA shows concerns over opening of malls and shrines in Kerala