അണ്‍ലോക്ക് 1: ജൂണ്‍ എട്ട് മുതല്‍ ഹോട്ടലുകളും, ഫുഡ് കോര്‍ട്ടുകളും തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന ലോക്കഡൗണ്‌ന്റെ ആദ്യഘട്ടമായ അണ്‍ലോക്ക് 1 ന്റെ ഭാഗമായി ഹോട്ടലുകള്‍ ജൂണ്‍ എട്ട് മുതല്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ഷോപ്പിംങ്മാളുകളിലെ ഫുട്ട് കോര്‍ട്ടുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതിനെക്കാളും, പാഴ്‌സല്‍ സംവിധാനത്തെ കൂടുതലായി പ്രോല്‍സാഹിപ്പിക്കണമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

50ശതമാനം സീറ്റില്‍ മാത്രമേ ഇരുന്ന് കഴിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളു. കൂടാതെ, ആറടി അകലം പാലിച്ച് മാത്രമേ ആളുകളെ ഇരുത്താവൂ എന്നും നിര്‍ദ്ദേശമുണ്ട്. ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌ക് ധരിക്കുന്നതോടൊപ്പം തന്നെ അടുക്കളയിലും സാമൂഹിക അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ, കൃത്യമായ ഇടവേളകലില്‍ പരിസരം ശുചിയാക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

ഹോട്ടലുകളുടെ പ്രവേശന കവാടത്തില്‍ സാനിറ്റൈസറും, താപനില പരിശോധനയും നിര്‍ബന്ധമാണ്. ഹോട്ടലിലേക്ക് പ്രവേശിക്കാനും, പുറത്തേക്ക് പോകാനും പ്രത്യേക വഴി ക്രമീകരിക്കണം. ഒരു തവണ ഉപയോഗിച്ച ശേഷം കളയാവുന്ന മെനു കാര്‍ഡ് ഹോട്ടലുകളില്‍ ഉണ്ടായിരിക്കണം. കൂടാതെ, ആളുകള്‍ ഭക്ഷണം കഴിച്ച് പോയ മേശകള്‍ അണുവിമുക്തമാക്കിയ ശേഷമേ മറ്റാളുകളെ ഇരുത്താവൂ.

കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ നിരോധിച്ചിട്ടുണ്ട്. ആളുകള്‍ സ്ഥിരമായി തൊ1ടുന്ന പ്രതലത്തില്‍ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് കഴുകാനും നിര്‍ദ്ദേശമുണ്ട്.

Content Highlight: Unlock 1, Hotels and food courts open from June 8