കൊവിഡ് രോഗികളെ അടുപ്പിക്കാതെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍; ബെഡുകള്‍ക്ക് അമിത തുക ഈടാക്കുന്നതായും കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ലോകമൊട്ടാകെ കൊവിഡ് പരതിരോധത്തിനായി കൈകോര്‍ക്കുമ്പോള്‍, കൊവിഡ് രോഗികളെ അവഗണിച്ച് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികള്‍. തീവ്ര പരിചരണം ആവശ്യമായ ഘട്ടത്തില്‍ രോഗികളോട് ബെഡിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ ആവശ്യപ്പെടുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ആശുപത്രക്കിടക്കകളുടെ അഭാവം ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും, എല്ലാ സ്വകാര്യ ആശുപത്രികളിലും ലഭ്യമായ ബെഡുകളുടെ എണ്ണം നിശ്ചയിക്കാന്‍ ആശുപത്രികളില്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഏതാനും ചില ആശുപത്രികള്‍ കൊവിഡ് രോഗികളെ അവഗണിക്കുന്നതായി കണ്ടിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇവരില്‍ പലര്‍ക്കും രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ടാകും, എന്നാല്‍ ബന്ധം നിങ്ങളെ സര്‍ക്കാര്‍ നടപടിയില്‍ നിന്ന് രക്ഷിക്കില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം, ഡല്‍ഹിയിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും കര്‍മ നിരതരാണെന്നും ഏതാനും ചിലര്‍ മാത്രമാണ് ഇത്തരം അന്യായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും കെജ്‌രിവാള്‍ പറഞ്ഞു. 20 ശതമാനം ബെഡുകള്‍ ഒഴിച്ചിടുന്നതില്‍ സ്വകാര്യ ആശുപത്രികള്‍ക്കുള്ള ബുദ്ധിമുട്ടിനെപ്പറ്റി അവരോട് തന്നെ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ടെസ്റ്റ് നിര്‍ത്താന്‍ ഉദ്ധേശിച്ചിട്ടില്ലെന്നും 36ഓളം സ്വകാര്യ, സര്‍ക്കാര്‍ ലാബുകളില്‍ ടെസ്റ്റ് തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ക്രമക്കേട് കണ്ടെത്തിയ ആറ് ലാബുകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മുഖ്യമന്തി വീഡിയോ കോണ്‍ഫറന്‍സ് വഴി വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു.

Content Highlight: Delhi CM says few private hospitals in Delhi refused to treat Covid patients