കോഴിക്കോട് മെഡിക്കൽ കോളേജിൽ ക്വാറൻ്റീനിലായ 118 പേരുടെയും പരിശോധനാ ഫലം നെഗറ്റീവ്. മണിയൂർ സ്വദേശിയായ ഗർഭിണിയുമായി സമ്പർക്കം പുലർത്തിയ സർജൻ, പീഡിയാട്രിക് സർജൻ, ന്യൂറോ സർജൻ, കാർഡിയോളജി ഡോക്ടർ എന്നിവരടക്കമുള്ള 120 പേരുടെ സ്രവ പരിശോധനയാണ് നടത്തിയത്. രണ്ട് പേരുടെ ഫലം കൂടി വരാനുണ്ട്. ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ സ്രവം ഇനി പരിശോധിക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഇന്ന് ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണ കാലാവധി അവസാനിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകും.
പ്രസവത്തെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശനങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാർട്മെൻ്റുകളിലെ ഡോക്ടർമാർ പരിശോധിച്ചിരുന്നു. സമ്പർക്കത്തിൽ വന്ന മെഡിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരെ പിന്നീട് നിരീക്ഷണത്തിന് വിടുകയായിരുന്നു. എന്നാൽ സ്ത്രിക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. മേയ് 24 നാണ് പ്രസവത്തിനായി യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ കൊവിഡ് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
Content Highlights; kozhikode medical college 118 staff test negative after pregnant women confirmed covid








