കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി; പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെയെന്ന് വിമര്‍ശിച്ച് ട്വീറ്റ്

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 70 ദിവസം നീണ്ട ലോക്ക്ഡൗണ്‍ പരാജയമെന്ന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ‘പരാജയപ്പെട്ട ലോക്ക്ഡൗണ്‍ ഇങ്ങനെ’യെന്ന് അടിക്കുറിപ്പോടെയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ലോക്ക്ഡൗണ്‍ കാലത്തെയും അണ്‍ലോക്ക് ഡൗണ്‍ കാലത്തെയും ഇന്ത്യയെയും യൂറോപ്യന്‍ രാജ്യങ്ങളെയും തമ്മില്‍ താരതമ്യപ്പെടുത്തിക്കൊണ്ടുള്ളതാണ് ഗ്രാഫ്.

രോഗ്യ വ്യാപന തോത് കൂടുതലായിരുന്ന സ്‌പെയിന്‍, ഇറ്റലി, ജര്‍മനി, ബ്രിട്ടന്‍, എന്നീ രാജ്യങ്ങളിലെ കൊവിഡ് കേസുകളെ താമതമ്യപ്പെടുത്തിയുള്ള അഞ്ച് ഗ്രാഫുകളാണ് രാഹുല്‍ ഗാന്ധി പോസ്റ്റ് ചെയ്തത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഫലപ്രദമായിരുന്നില്ലെന്ന് തെളിയിക്കാനായുന്നു രാഹുല്‍ ഗാന്ധിയുടെ താരതമ്യ പഠനം. മറ്റ് രാജ്യങ്ങളില്‍ ലോക്ക്ഡൗണ്‍ കാലത്ത് പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറക്കാനായപ്പോള്‍, ഇന്ത്യക്ക് അത് സാധിച്ചില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഭാഷ്യം.

നിലവില്‍ 2.36 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ ഏഴായിരത്തോട് അുത്തു. കൃത്യമായ തയാറെടുപ്പുകളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്കഡൗണിനെ സ്വാഗതം ചെയ്തതെന്ന വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി മുമ്പും രംഗത്തെത്തിയിരുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നിലവില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ.

Content Highlight: Rahul Gandhi against Central Government on errors of lock down