സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സ ചിലവിന് പരിധി നിശ്ചയിച്ച് തമിഴ്നാട് സർക്കാർ

Tamil Nadu caps Covid-19 treatment charges in private hospitals

സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ബാധിതർക്കുള്ള ചികിത്സ ചിലവിനായി പരിധി നിശ്ചയിച്ച് തമിഴ്നാട് സർക്കാർ. കോവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾ വലിയ തുക ഈടക്കുന്നുവെന്ന പരാതികൾ വ്യാപകമായതോടെയാണ് നടപടി എടുത്തിരിക്കുന്നത്. പ്രതിദിനം രോഗികളിൽ നിന്നും ഈടാക്കാൻ കഴിയുന്ന തുകയുടെ പരിധിയാണ് സർക്കാർ നിശ്ചയിച്ചിരുക്കുന്നത്. ആരോഗ്യ സെക്രട്ടറി ബീല രാജേഷ് തലവനായുള്ള സമിതിയാണ് സർക്കാരിലേക്ക് നിർദേശങ്ങൾ സമർപ്പിച്ചത്.

ഇനി മുതൽ വാർഡുകളിൽ പരമാവധി 7500 രൂപയും, ഐ.സിയുകളിൽ പരമാവധി 15000 രൂപയുമാണ് കൊവിഡ് രോഗികളിൽ നിന്നും സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കാൻ സാധിക്കുന്നത്. സമിതി നിശ്ചയിച്ച പരമാവധി തുകയേക്കാൾ കൂടുതൽ ആശുപത്രികൾ ഈടാക്കരുതെന്നും സർക്കാർ അറിയിച്ചിട്ടുണ്ട് . കഴിഞ്ഞ ആഴ്ചയിൽ കോവിഡ് രോഗികളിൽ നിന്നും ആശുപത്രികൾ കൂടുതൽ തുക ഈടാക്കുന്നതിനെതിരെ തമിഴ്നാട് ആരോഗ്യ മന്ത്രി സി വിജയഭാസ്കർ പ്രതികരിച്ചിരുന്നു.

ആശുപത്രുകളിൽ പരമാവധി ചാർജ് ക്രമീകരിക്കുമെന്നും സേവനം ചെയ്യാനുള്ള സമയമാണ് ഇതെന്നും മന്ത്രി സ്വകാര്യ ആശുപത്രികളെ അറിയിച്ചു
രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുളള സംസ്ഥാനം കൂടിയാണ് തമിഴ്നാട്. വെള്ളിയാഴ്ച വരെയുള്ള ഔദ്യോഗിക കണക്കനുസരിച്ച് 28000 ത്തിലേറെ ആളുകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, 232 മരണവും റിപ്പോർട്ട് ചെയ്തു.

Content Highlights; Tamil Nadu caps Covid-19 treatment charges in private hospitals