സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തമാക്കാൻ തീരുമാനം

health department to conduct maximum covid tests in three districts

കൊവിഡ് രോഗികളുടെ എണ്ണം കൂടുതലായി ഉയരുന്ന സാഹചര്യത്തിൽ കണ്ണൂർ,പാലക്കാട്, കൊല്ലം എന്നീ ജില്ലകളിൽ കൂടുതൽ ജാഗ്രത നൽകി പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ തീരുമാനം. മൂന്നാം ഘട്ടത്തിൽ സംസ്ഥാനത്താകെ ആശങ്ക ഉയർത്തി രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പാലക്കാട്, കണ്ണൂർ, കൊല്ലം എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വരുന്നവർക്ക് പാളിച്ചയില്ലാതെ നിരീക്ഷണം ഉറപ്പാക്കുകയെന്നത് ഈ ഘട്ടത്തിൽ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്.

സമൂഹ വ്യാപന സാധ്യത കണ്ടെത്തുന്നതിനുള്ള ദ്രുത പരിശോധന നാളെ മുതലാണ് ആരംഭിക്കുന്നത്. പാലക്കാട് ജില്ലയിൽ 172 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 31 പേർക്കും സംമ്പർക്കം വഴി രോഗ ബാധ സ്ഥിരീകരിച്ചവരാണ്. അതിൽ 21 പേർ ആരോഗ്യ പ്രവർത്തകരാണ്. 138 കേസുകൾ റിപ്പോർട്ട് ചെയ്ത കണ്ണൂരിൽ 26 പേർക്കും സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്തും ഉറവിടമറിയാത്ത നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഈ സാഹചര്യത്താലാണ് ഈ മൂന്ന് ജില്ലകളിലും കൂടുതൽ കരുതൽ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ആശുപത്രികളിൽ വെൻ്റിലേറ്ററുകളടക്കം കൂടുതൽ ചികിത്സാ സൌകര്യങ്ങൾ കൂടി കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. പല സ്ഥലങ്ങളുലും സമൂഹ വ്യാപനമുണ്ടെന്ന സംശയം വിദഗ്ദർ പ്രകടിപ്പിച്ച സാഹചര്യത്തിൽ ഇത് ഉറപ്പാക്കുന്നതിനായാണ് ദ്രുത പരിശോധന നടത്തുന്നത്. എച്ച്എൽഎല്ലിൽ ലഭിച്ച കിറ്റുകൾ ഉപയോഗിച്ച് നാളെ മുതൽ രോഗവ്യാപന തോത് കൂടിയ മേഖലയിലും മുൻഗണനാ വിഭാഗങ്ങളിലും പരിശോധനകൾ ആരംഭിക്കും.

Content Highlights; health department to conduct maximum covid tests in three districts