ലക്ഷണങ്ങളില്ലാതെ ദിനം പ്രതി കൊവിഡ് രോഗികള്‍; കേരളത്തില്‍ ഇന്ന് മുതല്‍ ദ്രുതപരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയുള്ള കൊവിഡ് രോഗികളുടെ ആശങ്ക പരിഹരിക്കുന്നതിനായി കൊവിഡ് ദ്രുത പരിശോധന ഇന്ന് മുതല്‍ ആരംഭിക്കാന്‍ തീരുമാനം. പ്രധാന വെല്ലുവിളിയായ സമൂഹ വ്യാപന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന നടത്താനുള്ള തീരുമാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയിലാണ് ആദ്യം പരിശോധന നടത്തുന്നത്.

രണ്ടാം ഘട്ടത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരില്‍ പരിശോധന നടത്താനാണ് തീരുമാനം. 65 വയസ്സിന് മുകളിലുള്ളവര്‍, വഴിയോരക്കച്ചവടക്കാര്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവരെയും പരിശോധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

രക്തമെടുത്ത് പ്ലാസ്മ വേര്‍തിരിച്ച്, അത് ഉപയോഗിച്ചാണ് ദ്രുതപരിശോധന നടത്തുക. അഞ്ച് എംഎല്‍ രക്തമാണ് പരിശോധനയ്ക്കായി എടുക്കുക. പരിശോധനയില്‍ ഐജിജി പോസിറ്റീവ് ആയാല്‍ രോഗം വന്നിട്ട് കുറച്ച് നാളായെന്നും അതിനെതിരെയുള്ള പ്രതിരോധശേഷി അയാള്‍ നേടിയിട്ടുണ്ടെന്നും അനുമാനിക്കാം. അതേസമയം, ഐജിഎം പോസിറ്റീവ് ആണെങ്കില്‍ ഇയാള്‍ക്ക് രോഗം വന്നിട്ട് അധികം ദിവസം ആയിട്ടില്ലെന്നാണ് അര്‍ത്ഥം. ഇവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കണം.

അതേസമയം, തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നതോടെ നിയന്ത്രണങ്ങളില്‍ വരുത്തുന്ന ഇളവ് രോഗവ്യാപനത്തോത് കൂട്ടുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇന്നലെ ഒരു മരം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കേരളത്തില്‍ ആകെ മരിച്ചവരുടെ എണ്ണം 16 ആയി.

Content Highlight: Covid Rapid Test will start from today in Kerala as Covid cases increases