രാജ്യത്ത് 24 മണിക്കൂറിനിടെ 9,983 കൊവിഡ് രോഗികള്‍; ആകെ രോഗികള്‍ രണ്ടര ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനിടെ 24 മണിക്കൂറിനുള്ളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 9,983 കേസുകള്‍. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗബാധിതര്‍ 2.56 ലക്ഷമായി ഉയര്‍ന്നു. തുടര്‍ച്ചയായ ആറു ദിവസത്തിനുള്ളില്‍ 9,000ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 206 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 7,135 ആയി. 1,24,095 പേര്‍ രോഗമുക്തരായി. ചൈനയെ മറികടന്ന് മഹാരാഷ്ട്രയിലെ കേസുകളുടെ എണ്ണം 85,000 കടന്നു. സംസ്ഥാനത്തിന്‍ തലസ്ഥാനമായ മുംബൈയില്‍ മാത്രം 3000ത്തോളം പേര്‍ ഇതുവരെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തമിഴ്‌നാടും, ഡല്‍ഹിയുമാണ് മഹാരാഷ്ട്രക്ക് പിന്നാലെയുള്ള തീവ്രബാധിത പ്രദേശങ്ങള്‍.

അണ്‍ലോക്ക് 1ന്റെ ഭാഗമായി ഇളവ് ലഭിച്ച ആരാധനാലയങ്ങളും മാളുകളും ഇന്ന് തുറക്കാനിരിക്കെയാണ് കൊവിഡ് കേസുകളിലെ കുത്തനെയുള്ള വര്‍ദ്ധനവ്. മൂന്ന് ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കാനാണ് ലക്ഷ്യം. ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ തീരുമാനം രാജ്യത്തെ മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ തീവ്രബാധിത പ്രദേശങ്ങള്‍ക്ക് വെല്ലുവിളിയാകാനാണ് സാധ്യത.

Content Highlight: India records 9,983 cases in 24 hours