കുടിയേറ്റ തൊഴിലാളികളെ നാട്ടിലേക്ക് അയക്കണം; 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിലകം കണ്ടെത്തി നാട്ടിലേക്ക് തിരികെ അയക്കാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് തൊഴിലാളിക്കെതിരെ എടുത്തിട്ടുള്ള എല്ലാ കേസുകളും പിന്‍വലിക്കണമെന്നും സംസ്ഥാനങ്ങളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നിലവില്‍ കഴിയുന്ന കുടിയേറ്റ തൊഴിലാളികളുടെ ലിസ്റ്റ് തയാറാക്കണമെന്നും, ലോക്ക് ഡൗണിനു മുമ്പ് അവര്‍ ചെയ്തിരുന്ന ജോലി എന്താണെന്ന് ലിസ്റ്റില്‍ പരാമര്‍ശിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതോടൊപ്പം തന്നെ കുടിയേറ്റ തൊഴിലാളികള്‍ക്കായി പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ടെങ്കില്‍ അത് അറിയിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ അശോക് ഭൂഷന്‍, സഞ്ജയ് കിഷന്‍ കൗള്‍, എംആര്‍ ഷാ എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. കൂടാതെ, ഇവരുടെ യാത്രക്ക് ആവശ്യമായി വരുന്ന ട്രെയിന്‍, ബസ് ടിക്കറ്റുകള്‍ സര്‍ക്കാര്‍ വഹിക്കണെമന്നും ആവശ്യമായ ഭക്ഷണവും വെള്ളവും ഇവര്‍ക്ക് നല്‍കണമെന്നും സുപ്രീം കോടതി പറഞ്ഞു. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍, 24 മണിക്കൂരിനുള്ളില്‍ ശ്രമിക് ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു.

ഉത്തരവ് നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ സ്വമേധയാ എടുത്ത ഹര്‍ജി സുപ്രീം കോടതി ജൂലൈ 8 ന് വീണ്ടും പരിഗണിക്കും.

Content Highlight: SC urges Center and State Governments to send migrants to home within 15days