കൊവിഡ് നിയന്ത്രണങ്ങള്‍ കുറഞ്ഞു; ഈ മാസത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനൊരുങ്ങി ട്രംപ്

വാഷിംങ്ടണ്‍: കൊവിഡ് 19 പടര്‍ന്നത് മൂലം കുറച്ച് മാസങ്ങളായി മുടങ്ങി കിടന്ന തെരഞ്ഞെടുപ്പ് പ്രചാരണം പുനഃരാരംഭിക്കാന്‍ തീരുമാനിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത ആഴ്ചകളില്‍ ‘അമേരിക്കയെ മികച്ചതായി നിലനിര്‍ത്തുക’ എന്ന പേരില്‍ ആരംഭിച്ച പ്രചാരണം തുടരാനാണ് ആലോചന.

അമേരിക്കയും, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തിയതായും അതിനാല്‍ തന്നെ തെരെഞ്ഞെടുപ്പ് ജോലികള്‍ ആരംഭിക്കാമെന്നും പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മാനേജര്‍ ബ്രാഡ് പാര്‍സ്‌കലെ പറഞ്ഞു. അമേരിക്കയുടെ വീഥികള്‍ വീണ്ടും ജനനിബിഢമാകുമെന്നും ജോ ബൈഡന് സ്വപ്‌നം പോലും കാണാന്‍ കഴിയാത്തത്ര ഗംഭീരമായിരിക്കും റാലിയെന്നും ബ്രാഡ് പറഞ്ഞു.

വേനല്‍കാലത്തിന്റെ പകുതിയോടെ പ്രചാരണങ്ങള്‍ പുനഃരാരംഭിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ബ്രാഡ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ റോഡിലിറങ്ങിയുള്ള പ്രചാരണത്തില്‍ നിന്ന് ട്രംപ് പിന്മാറുകയായിരുന്നു. എതിര്‍ സ്ഥാനാര്‍ത്ഥിയായ ജോ ബൈഡനെ തകര്‍ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ആരംഭിച്ച് കഴിഞ്ഞതായാണ് പ്രചാരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ നല്‍കുന്ന സൂചന.

അതേസമയം, ട്രംപ് അധികാരത്തിലേറിയ ശേഷം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും പ്രയാസമേറിയ സമയമാണ് കൊറോണ കാലഘട്ടം. 1,09,000 പേരാണ് ഇതുവരെ അമേരിക്കയില്‍ മരിച്ചത്. അമേരിക്കയിലെ മിക്ക സംസ്ഥാനങ്ങളും കൊവിഡ് പ്രതിരോധ ഭാഗമായി പ്രഖ്യാപിച്ച നിയന്ത്രണത്തില്‍ ഇളവുകള്‍ വരുത്തിയിട്ടുണ്ട്. എന്നിരുന്നാലും, 2016 ല്‍ ട്രംപിനെ വൈറ്റ് ഹൗസിലേക്ക് ആനയിച്ച വലിയ തോതിലുള്ള റാലികള്‍ നടത്താന്‍ ഗവര്‍ണര്‍മാരും പ്രാദേശിക ഉദ്യോഗസ്ഥരും തയ്യാറാകുമോ എന്നത് വ്യക്തമല്ല.

Content Highlight: American President Donald Trump to resume Election campaign